ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് | Oneindia Malayalam

2017-12-20 454

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ടിടിവി ദിനകരൻ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നാളെ ആർകെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍‌ പുറത്തുവന്നത്. ദിനകര പക്ഷത്തെ പ്രമുഖനും മുൻ എംഎല്‍എയുമായ പി വെട്രിവേലാണ് ചെന്നൈയിലെ മാധ്യമപ്രവർത്തകർക്ക് ദൃശ്യങ്ങള്‍ കൈമാറിയത്. ആശുപത്രിക്കിടക്കയില്‍ ജയലളിത ടി വി കാണുന്നതും ജ്യൂസ് കുടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് മരണമടയുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വീഡിയോ പുറത്തുവരുന്നത്.